Tuesday, May 1, 2012
Home »
» റാങ്ക് പട്ടിക നീട്ടല്‍: പി.എസ്.സി. അംഗീകരിച്ചു
റാങ്ക് പട്ടിക നീട്ടല്‍: പി.എസ്.സി. അംഗീകരിച്ചു
By Anonymous 5/01/2012 09:46:00 AM
റാങ്കുപട്ടികകളുടെ കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി. എസ്. സി. അംഗീകരിച്ചു. റാങ്കുപട്ടികകള്‍ നീട്ടിക്കൊണ്ട് വ്യാഴാഴ്ച പി.എസ്.സി. ചെയര്‍മാന്‍ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനം തിങ്കളാഴ്ച ചേര്‍ന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ അടിയന്തരയോഗം റദ്ദാക്കിയശേഷമാണ് പുതിയ തീരുമാനമെടുത്തത്. പി. എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്റെ നടപടി യോഗത്തില്‍ അംഗങ്ങളുടെ കടുത്ത വിമര്‍ശനത്തിനിടയാക്കി.
2012 ഏപ്രില്‍ 30ന് കാലാവധി തീരുന്നവയുള്‍പ്പെടെ 2013 മാര്‍ച്ച് 30 വരെയുള്ള റാങ്കുപട്ടികകള്‍ 2013 മാര്‍ച്ച് 31 വരെ നീട്ടാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 840 റാങ്കുപട്ടികകളാണ് ഈ പരിധിയില്‍ വരുന്നത്. നാലരവര്‍ഷം പൂര്‍ത്തിയാകുകയോ ഏതെങ്കിലും തസ്തികയില്‍ പുതിയ റാങ്ക്‌ലിസ്റ്റ് നിലവില്‍ വരികയോ ചെയ്താല്‍ പഴയ റാങ്കുപട്ടിക റദ്ദാകും എന്ന വ്യവസ്ഥയോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.
ഏപ്രില്‍ 30 ന് കാലാവധി തീരുന്ന റാങ്കുപട്ടികകള്‍ ഒരുവര്‍ഷത്തേക്ക് നീട്ടണമെന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യാനായി കമ്മീഷന്‍ യോഗത്തിന് കാത്തുനില്‍ക്കാതെ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ പ്രത്യേക അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഇത് മറ്റംഗങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് തിങ്കളാഴ്ച അടിയന്തര പി.എസ്.സി. യോഗം വിളിച്ചത്. മെയ് ഏഴിന് പി.എസ്.സി. യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
റൂള്‍ 36 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് റാങ്ക് പട്ടികകള്‍ നീട്ടാല്‍ തീരുമാനമെടുത്ത പി.എസ്.സി. ചെയര്‍മാന്റെ നടപടിയെ പി.എസ്.സി. അംഗങ്ങള്‍ യോഗത്തില്‍ വിമര്‍ശിച്ചു. ഇത്തരമൊരു അധികാരം ചെയര്‍മാനില്ലെന്നും റൂള്‍ 36 കമ്മീഷന്റെ ദൈനംദിന കാര്യങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണെന്നും അവര്‍ വാദിച്ചു. നയപരമായ കാര്യങ്ങള്‍ക്ക് റൂള്‍ 36 ബാധകമല്ല. സര്‍ക്കാര്‍ ശുപാര്‍ശ വന്ന സാഹചര്യത്തില്‍ അടിയന്തര പി.എസ്.സി. യോഗം വിളിക്കാനാണ് ചെയര്‍മാന്‍ തയാറാകേണ്ടിയിരുന്നതെന്ന് അംഗങ്ങള്‍ പറഞ്ഞു. അല്ലെങ്കില്‍ തലസ്ഥാനത്തുതന്നെ എട്ടോളം അംഗങ്ങള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ 'അവയ്‌ലബിള്‍ പി.എസ്.സി.യോഗ'ത്തിനും സാധ്യതയുണ്ടായിരുന്നു. തീരുമാനമെടുക്കാന്‍ ഏപ്രില്‍ 30 വരെ സമയമുണ്ടായിട്ടും ധൃതിപിടിച്ച് ചെയര്‍മാന്‍ തീരുമാനം പ്രഖ്യാപിച്ചത് ന്യായീകരിക്കാനാവില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. അതേസമയം പെന്‍ഷന്‍പ്രായം ഉയര്‍ത്തിയ സാഹചര്യത്തില്‍ റാങ്കുപട്ടികകള്‍ നീട്ടുന്നതിന് അംഗങ്ങള്‍ അനുകൂലമായിരുന്നു.
റാങ്കുപട്ടിക കാലാവധി നീട്ടുന്നതിനല്ല, മെയ് ഏഴുവരെ ഇത് റദ്ദാകാതിരിക്കാനുള്ള നടപടിയാണ് താന്‍ കൈക്കൊണ്ടതെന്ന് ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രത്യേക അധികാരം പ്രയോഗിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാലും യോഗംചേര്‍ന്ന സാഹചര്യത്തില്‍ തന്റെ തീരുമാനം റദ്ദാക്കി കമ്മീഷന്‍ യോഗത്തിന്റെ തീരുമാനം അംഗീകരിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തില്ല.
സംസ്ഥാന പി.എസ്.സി.യില്‍ ചെയര്‍മാനുള്‍പ്പെടെ മൊത്തം 18 അംഗങ്ങളാണുള്ളത്. ഇതില്‍ ചെയര്‍മാന്‍ ഒഴികെ 17 അംഗങ്ങളും എല്‍.ഡി.എഫ്. ഭരണകാലത്ത് നിയമിതരായവരാണ്.
പി.എസ്.സിയിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഒരുമാസത്തിലേറെ അവധി എടുത്താന്‍ ആ തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിക്കുന്ന നടപടി തുടരാന്‍ കമ്മീഷന്‍ യോഗം അനുമതി നല്‍കി. വികലാംഗരുടെ പ്രത്യേക റിക്രൂട്ട്‌മെന്‍റിനുള്ള അപേക്ഷാവിജ്ഞാപനങ്ങള്‍ക്കും പി.എസ്.സി. യോഗം അംഗീകാരം നല്‍കി.






