![]() |
| ഉമ്മൻ ചാണ്ടി |
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് വളയാനും അനിശ്ചിതകാല ഉപരോധത്തിനുമായി ഭാണ്ഡവും കെട്ടി വന്നവര്‍ക്ക് മുപ്പത് മണിക്കൂര്‍ തികയുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടി കാട്ടിക്കൊടുത്ത വഴിയേ തന്നെ തിരികെ പോകേണ്ടിവന്നു.
എല്‍.ഡി.എഫിലെ എല്ലാ കക്ഷിനേതാക്കളേയും സാക്ഷി നിര്‍ത്തിയാണ് സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് തിങ്കളാഴ്ച രാവിലെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തത്.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ആവേശം അണപൊട്ടിയൊഴുകുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി രാജിവെച്ചൊഴിയാതെ ഈ സമരം അവസാനിക്കുകയില്ലെന്നായിരുന്നു.തുടര്‍ന്ന് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും കാരാട്ടിന്റെ പ്രഖ്യാപനത്തിന് യോജിച്ചു കൊണ്ട് അടിക്കുറിപ്പ് എഴുതി.പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ്. ഇട്ടുകൊടുത്ത പിടിവള്ളിയില്‍ പിടിച്ച് തടി തപ്പിയ രംഗത്തിനാണ് ആവേശം പൂര്‍ണമായം ഇല്ലാതായ ഒരു ജനസമൂഹത്തെ സാക്ഷിനിറുത്തി സമരം പിന്‍വലിച്ചത്. രാപ്പകല്‍ സമരവും തുടര്‍ന്ന് അനിശ്ചിതകാല ഉപരോധവും കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് അവകാശപ്പെടുന്നത് തങ്ങൾ വിജയിച്ചു എന്നാണ്.
നിയമസഭയ്ക്ക് അകത്തും പുറത്തും തന്നെ കണ്ടവരോടെല്ലാം ഫിറോസിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരുന്നു. ബിജുരാധാകൃഷ്ണനും സരിതയും ശാലുമേനോനും അന്ന് പോലീസ് കസ്റ്റഡിയിലായിരുന്നു; ഫിറോസ് ഒളിവിലും.ഇടതുപക്ഷം അപ്പോഴും മുഖ്യമന്ത്രിയുടെ രാജി എന്ന് പറഞ്ഞ് കളംമാറ്റി ചവിട്ടി. അപ്പോഴാണ് ജുഡീഷ്യല്‍ അന്വേഷണം ഒരു മാസം നീണ്ടുപോയത്. നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും എന്ന പ്രതിപക്ഷ നേതാവിന്റെ തുറുപ്പു ചീട്ടായിരുന്നു.എന്നാല്‍, ഇടതുപക്ഷത്ത് തന്നെ രാജിയെ സംബന്ധിച്ച് ആരംഭഘട്ടത്തില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. സി.പി.എമ്മിനകത്തും സ്ഥിതി മറിച്ചായിരുന്നില്ല. സോളാര്‍ വിഷയം വരുന്നതുവരെ കേരളത്തില്‍ സി.പി.എമ്മിന്റെ സംഘടനാ രംഗത്ത് ഉയര്‍ന്നുവന്ന ഏക മുദ്രാവാക്യം പ്രതിപക്ഷ നേതാവിനെ മാറ്റുക എന്നതായിരുന്നു.അതിന് മുന്നോടിയായി പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന കമ്മിറ്റിയും അതിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന വി.എസിനേയുമാണ് സോളര്‍ പ്രശ്‌നം വരുന്നതുവരെ കണ്ടത്. എന്നാല്‍ ആ മുദ്രാവാക്യം മാറ്റി സി.പി.എമ്മിനേയും അണികളേയും മുഖ്യമന്ത്രിയെ മാറ്റുകയെന്ന മുദ്രാവാക്യത്തില്‍ കൊണ്ടെത്തിക്കാന്‍ പിന്നീട് വി.എസിന് കഴിഞ്ഞു.ഇപ്പോള്‍ പ്രതിപക്ഷനേതാവിനെ മാറ്റുകയെന്ന മുദ്രാവാക്യമില്ല. എവിടെയും സരിതമയം. കേരളത്തില്‍ പാര്‍ട്ടിയുടെയോ പോഷക സംഘടനകളുടെയോ പ്രധാന സമ്മേളനങ്ങളില്‍ വിലക്കുണ്ടായിരുന്ന വി.എസ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന മുദ്രാവാക്യത്തിന്റെ പേരില്‍ സര്‍വ സമ്മതനായി മാറി.പക്ഷേ പിണറായിക്കെതിരെ ലാവലിന്‍ കേസ് വന്നപ്പോഴാണ് പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന മുദ്രാവാക്യം മാഞ്ഞുപോയത്. ഒളിഞ്ഞും തെളിഞ്ഞും ലാവലിന്‍ കേസിനെ അനുകൂലിച്ചിരുന്ന അച്യുതാനന്ദന്‍ അതോടെ പൊതുസമ്മതനായി മാറുകയും പിണറായി, കേസില്‍ പ്രതിയാവുകയും ചെയ്തു.ഇതേസമയം, ഒരു പൈസപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ ഇടപാടാണോ അതോ ലാവലിന്‍ ഇടപാടില്‍ 374 കോടി നഷ്ടപ്പെട്ടുവെന്ന അക്കൗണ്ടന്‍റ് ജനറലും സി.ബി.ഐയും കണ്ടെത്തിയ ലാവലിന്‍ കേസാണോ വലുതെന്ന ചോദ്യം ചാനല്‍ ചര്‍ച്ചകളിലും പത്ര റിപ്പോര്‍ട്ടുകളിലും ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇട്ടുകൊടുത്ത പിടിവള്ളിയില്‍ പിടിച്ച് രക്ഷപ്പെടുന്നതാണ് നല്ലതെന്ന് എല്‍.ഡി.എഫ്. നേതൃത്വത്തിന് ബോദ്ധ്യം വന്നത്.ആ തിരിച്ചറിവാണ് 45 ദിവസമായി സൂചിമുനയില്‍ നിറുത്തിച്ച സമരം
നിറുത്തി വെക്കുവാൻ പിണറായി നിർദ്ദേശിച്ചത്.







