Random Posts

Monday, June 23, 2014

ലോഡ്‌ഷെഡിങ് ജൂലായ്ക്കുമുമ്പ് പിന്‍വലിക്കും

തിരുവനന്തപുരം: ജൂലായ് ഒന്നിനുമുമ്പ് ലോഡ്‌ഷെഡിങ് പിന്‍വലിച്ചേക്കും. തമിഴ്‌നാട്ടില്‍നിന്ന് ഈയാഴ്ച മുതല്‍ വൈദ്യുതി കിട്ടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂഴിയാര്‍ നിലയത്തിന്റെ അറ്റകുറ്റപ്പണി 28-ഓടെ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തിനകത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. 

തമിഴ്‌നാട്ടില്‍ നിന്ന് രാത്രികാലത്ത് 400 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനായി ജയലളിതക്ക് കത്തയച്ചിരുന്നു. തമിഴ്‌നാട് ഇത് അനുകൂലമായി പരിഗണിക്കുന്നുണ്ട്. വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് സംസ്ഥാന വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. 

തമിഴ്‌നാട്ടില്‍ അടുത്തിടെ പുതിയ താപനിലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ബാലാരിഷ്ടത കാരണം അവയില്‍ പലതിലും പൂര്‍ണതോതില്‍ ഉത്പാദനമില്ല. ജൂണ്‍ ഒന്നുമുതല്‍ അവിടെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് അവിടെ വൈദ്യുതിവിതരണം മുടങ്ങാതിരിക്കാനാണ് തമിഴ്‌നാടിന്റെ ശ്രദ്ധ. എന്നാല്‍ അവിടെ 3000 മെഗാവാട്ട് കാറ്റില്‍നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തിന് അവിടെനിന്ന് വൈദ്യുതി കിട്ടുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച തമിഴ്‌നാട് മറുപടി അറിയിക്കും. 

ഇത്തവണ മഴ തുടങ്ങിയശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് ജലസംഭരണികളിലേക്ക് നീരൊഴുക്ക് ലഭിക്കുന്നവിധം മഴ പെയ്തത്. നല്ലതോതില്‍ മഴ ലഭിച്ച കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ജലസംഭരണികളില്‍ 22 ശതമാനം വെള്ളമുണ്ടായിരുന്നു. ഇപ്പോഴിത് 17 ശതമാനമാണ്. മഴ തുടങ്ങിയശേഷം ഇതുവരെ 38.3 കോടി യൂണിറ്റിനുള്ള വെള്ളമാണ് അണക്കെട്ടുകളില്‍ എത്തിയത്. 

മെയ് 23 മുതല്‍ കായംകുളത്തുനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് കേരളം വൈദ്യുതി ദൗര്‍ലഭ്യം നേരിട്ടിരുന്നത്. ഈ ദിവസങ്ങളില്‍ 10 മുതല്‍ നാലുകോടി രൂപവരെയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അധികം ചെലവിടേണ്ടിവന്നത്. എന്നാല്‍ പ്രതിദിന ഉപയോഗം 5.6 കോടി യൂണിറ്റായി കുറഞ്ഞതോടെ കായംകുളം നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 

മൂഴിയാര്‍ നിലയത്തിലെ അറ്റകുറ്റപ്പണി 25 ന് പൂര്‍ത്തിയാവും. എന്നാല്‍ ഇവിടെനിന്ന് 28ന് മാത്രമേ പൂര്‍ണതോതില്‍ ഉത്പാദനം തുടങ്ങാനാവൂ.